ഹരിയാന ബിജെപിക്ക് വീണ്ടും തിരിച്ചടി; മുൻ എംപി കോൺഗ്രസിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മുൻ എംപി അശോക് തൻവാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ബിജെപി സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് തൻവാറിന്റെ രാജി. തുടർന്ന് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് റാലിയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുകയായിരുന്നു. നേരത്തെ മന്ത്രിയും മുൻ മന്ത്രിമാരും എംഎൽഎയുമടക്കം 20ലേറെ നേതാക്കൾ പാർട്ടി വിട്ടതിന്റെ ക്ഷീണം തീരുംമുമ്പാണ് ബിജെപിക്ക് വീണ്ടും തിരിച്ചടി. രൂക്ഷമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ദലിത് നേതാവിന്റെ രാജി.
മുൻപ് കോൺഗ്രസിലായിരുന്ന തൻവാർ, ഹരിയാന പിസിസി അധ്യക്ഷനായിരുന്നു. ജനുവരി 20നാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിലൂടെ രാഷ്ട്രീയ യാത്ര ആരംഭിച്ച തൻവാർ 2009ൽ സിർസ എം.പിയായി. 2019ൽ കോൺഗ്രസ് വിട്ട് 2022ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. തുടർന്ന് ആം ആദ്മിയിൽനിന്നാണ് ഈ വർഷമാദ്യം ബിജെപിയിലേക്ക് ചേക്കേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയിൽനിന്ന് കൂട്ട കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്. സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളാണ് ബിജെപി വിട്ടത്. സെപ്റ്റംബർ എട്ടിന്, മുൻമന്ത്രി ബച്ചൻസിങ് ആര്യയും ഏഴിന് മുൻ എംഎൽഎ ബൽകൗർ സിങ്ങും ബിജെപി വിട്ടിരുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജിണ്ട് ജില്ലയിലെ പ്രമുഖ നേതാവായ ബച്ചൻസിങ് പാർട്ടി വിട്ടത്. സിങ്ങിന്റെ മണ്ഡലമായ സഫിദോമിൽ ഇക്കുറി ജെജെപി മുൻ എംഎൽഎ രാംകുമാർ ഗൗതമാണ് ബിജെപി സ്ഥാനാർഥി.
റാണിയ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രഞ്‌ജിത് സിങ് ചൗത്താല മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചിരുന്നു. എന്ത് വിലകൊടുത്തും റാണിയയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച രഞ്‌ജിത് സിങ് സ്വതന്ത്ര സ്ഥാനാർഥിയാവുകയും ചെയ്തു. റാഠിയ എംഎൽഎ ലക്ഷ്‌മൺ നാപ്പ, മുൻ മന്ത്രിയും ഒബിസി മോർച്ചാ നേതാവുമായ കരൺ ദേവ് കാംബോജ്, എന്നിവരും ബിജെപി വിട്ടിരുന്നു. റാഠിയ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുൻ സിർസ എം.പിയായ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നൽകാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാപ പാർട്ടി വിട്ടത്. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയും ചെയ്തു. ദാദ്രി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് വികാസ് എന്ന ഭല്ല, ബിജെപി യുവമോർച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗവും സോനിപ്പത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്ന അമിത് ജെയ്ൻ, ഉക്‌ലാന സീറ്റ് നിഷേധിക്കപ്പെട്ട ഷംഷേർ ഗിൽ, ബിജെപി കിസാൻ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുഖ്‌വീന്ദർ മാണ്ഡി, ഹിസാറിൽനിന്നുള്ള ദർശൻ ഗിരി മഹാരാജ്, സീമ ഗായ്ബിപൂർ, എച്ച്എസ്എഎം ബോർഡ് ചെയർമാനായിരുന്ന ആദിത്യ ചൗട്ടാല, ബിജെപി മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ആഷു ഷേര, ഹിസാറിലെ സാവിത്രി ജിൻഡാൽ, തരുൺ ജെയ്ൻ, ഗുരുഗ്രാമിൽനിന്നുള്ള നവീൻ ഗോയൽ, രെവാരിയിൽനിന്നുള്ള ഡോ. സതിഷ് ഖോല, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും മുൻ കൗൺസിലർ സഞ്ജീവ് വലേച്ചയുടെ ഭാര്യയുമായ ഇന്ദു വലേച്ച, മുൻ മന്ത്രിമാരായ ബച്ചൻ സിങ് ആര്യ, ബിഷാംബേർ ബാൽമീകി, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പണ്ഡിറ്റ് ജി.എൽ ശർമ, രെവാരിയിൽനിന്നുള്ള പ്രശാന്ത് സന്നി യാദവ് എന്നിവരാണ് പാർട്ടി വിട്ട മറ്റു നേതാക്കൾ.