Begin typing your search...

മലയാളിയായ ഭർത്താവിന് മകനെ കാണാൻ കോടതി അനുമതി നൽകി; ടെക് കമ്പനി സിഇഒ കുട്ടിയെ കൊല്ലാനുറച്ച കാരണങ്ങൾ ഇവ

മലയാളിയായ ഭർത്താവിന് മകനെ കാണാൻ കോടതി അനുമതി നൽകി; ടെക് കമ്പനി സിഇഒ കുട്ടിയെ കൊല്ലാനുറച്ച കാരണങ്ങൾ ഇവ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്‌സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാൾ സ്വദേശിയുമായ സുചന സേത്ത് ( 39 ) ആണ് സ്വന്തം മകനെ കൊന്ന് ബാഗിലാക്കിയതിന് ഇന്ന് അറസ്റ്റിലായത്. ഭർത്താവിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന സുചന, വിവാഹ മോചന നടപടികൾക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള വെങ്കട്ട് രാമനാണു സുചനയുടെ ഭർത്താവ്. ഇരുവരും 2020 മുതൽ വേർപിരിഞ്ഞു താമസിക്കുകയാണ്.

സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഇന്തൊനീഷ്യയിലായിരുന്നു. മകനെ ഭാര്യ കൊലപ്പെടുത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് വെങ്കട് ഇന്ത്യയിലെത്തി. വൈകുന്നേരത്തോടെ ചിത്രദുർഗയിലെത്തിയ വെങ്കട് മകൻറെ പോസ്റ്റ്‌മോർട്ടത്തിനുളള അനുമതി നൽകിയതായി പൊലീസ് അറിയിച്ചു. വിവാഹമോചന നടപടിയുടെ ഭാഗമായി മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി വെങ്കട്ടിനെ അനുവദിച്ചിരുന്നു. ഇതിൽ അസ്വസ്ഥയായ സുചന, മകനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ചാണു കൊലപ്പെടുത്തിയത്.

മൃതദേഹം ബാഗിലാക്കി ഗോവയിൽനിന്നു ബെംഗളൂരുവിലേക്കു ടാക്‌സിയിൽ പുറപ്പെട്ട ഇവരെ പൊലീസ് കർണാടകയിലെ ചിത്രദുർഗയിൽ നിന്നാണു പിടികൂടിയത്. ഹോട്ടലിലെയും സമീപങ്ങളിലെയും സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘം ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുകയാണ്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു.

ബംഗാൾ സ്വദേശിയായ സുചന ഭർത്താവുമായുള്ള ബന്ധത്തിൽ തൃപ്തയായിരുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങൾക്കു ശേഷം 2019ലാണു മകൻ ജനിച്ചത്. ഇതിനു പിന്നാലെ ദമ്പതികൾക്കിടയിൽ അസ്വാരസ്യം കൂടിയെന്നും 2020ൽ വിവാഹമോചനത്തിനു ശ്രമം ആരംഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ താമസിക്കുന്ന സുചന ഇവിടുത്തെ വിലാസം നൽകിയാണു ശനിയാഴ്ച നോർത്ത് ഗോവയിലെ ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോൾ ബെംഗളൂരുവിലേക്കു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിൽ പോകുന്നതായിരിക്കും സൗകര്യമെന്നു ജീവനക്കാർ അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ജീവനക്കാർ രക്തക്കറ കണ്ടു. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലിൽനിന്നു പുറത്തിറങ്ങുന്ന യുവതിക്കൊപ്പം മകനില്ലെന്നു വ്യക്തമായി. ഇതോടെ പൊലീസുകാർ ടാക്‌സി ഡ്രൈവറുടെ ഫോണിലേക്കു വിളിച്ചു. മകൻ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയിൽ തന്നെയുള്ള സുഹൃത്തിന്റെ അടുത്താക്കിയെന്നു യുവതി പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ നൽകി. അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസ്സിലാവാതിരിക്കാൻ കൊങ്കണി ഭാഷയിലാണു സംസാരിച്ചത്.

വാഹനം എവിടെ എത്തിയെന്നു ചോദിച്ചപ്പോൾ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണെന്നു മറുപടി പറഞ്ഞു. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയുംകൊണ്ട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കയറാൻ ഗോവ പൊലീസ് നിർദേശം നൽകി. ഇതനുസരിച്ചു ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല സ്റ്റേഷനിലേക്കു വാഹനം എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണു വാഹനത്തിലെ ബാഗിനുള്ളിൽ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

WEB DESK
Next Story
Share it