എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ: അടിച്ചേൽപിക്കുന്ന തീരുമാനം നടപ്പാകില്ലെന്ന് മന്ത്രി
യുജിസി നിർദേശം ഉണ്ടെങ്കിലും എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ പ്രതിസന്ധി. എംഫിൽ നിർത്തലാക്കിയെന്നും വിദ്യാർഥികൾ എംഫിൽ കോഴ്‌സിനു ചേരരുതെന്നുമാണ് കഴിഞ്ഞദിവസം സർക്കുലറിലൂടെ യുജിസി ആവർത്തിച്ചത്. എന്നാൽ, ബംഗാൾ സർക്കാർ ഇത് അംഗീകരിക്കില്ലെന്നും 2023-24 അക്കാദമിക് വർഷത്തിലും പ്രവേശനം തുടരുമെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി ഭർത്യ ബസു വ്യക്തമാക്കി.
യുജിസി അടിച്ചേൽപിക്കുന്ന തീരുമാനം ബംഗാളിൽ നടപ്പാകില്ലെന്നാണ് ഭർത്യ ബസു വ്യക്തമാക്കിയത്. എംഫിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് സ്വന്തമായ നയമുണ്ട്. അക്കാദമിക് വിദഗ്ധരുടെ സമിതി തയാറാക്കിയ മാർഗരേഖ പ്രകാരമായിരിക്കും ബംഗാൾ സർക്കാർ മുന്നോട്ടുപോവുകയെന്നും സംസ്ഥാന സർക്കാരിന്റെ സർവകലാശാലകളിൽ എംഫിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എംഫിൽ കോഴ്‌സുകളിൽ ചേരരുതെന്നാണ് 27നു പുറത്തിറക്കിയ സർക്കുലറിൽ യുജിസി ആവശ്യപ്പെട്ടത്.