വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു
പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു. ഭാര്യ ചമേലി. കുട്ടികള്‍ രാഹുലും സുജാതയും.
1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം. വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1978ലും 1980ലും ബുക്ക് ഇല്ലസ്‌റ്റ്രേഷന് ജപ്പാനില്‍നിന്നും 'നോമ' സമ്മാനത്തിന് അര്‍ഹനായി. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. ബിക്രം സിംഗ് അദ്ദേഹത്തെ കുറിച്ച് ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച് രാമചന്ദ്രന്‍ ഒരു പുസ്തകവും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.