ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്രം; ഇതോടെ ജില്ലകളുടെ എണ്ണം ഏഴായി
കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ പുതുതായി അഞ്ചു ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്.
ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഷാ എക്‌സിൽ കുറിച്ചു. പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങൾ ജനങ്ങളുടെ വീട്ടുവാതിൽക്കൽ തന്നെ എത്തിക്കാനാകുമെന്നും ഷാ വ്യക്തമാക്കി.
2019 വരെ, ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു ലഡാക്ക്. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആ വർഷം സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക പദവി( ആർട്ടിക്കിൾ 370) റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. തുടർന്നാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകുന്നത്. കേന്ദ്ര ഭരണ പ്രദേശമായതിനാൽ ലഡാക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ലഡാക്ക്.