സ്പീക്കർ തിരഞ്ഞെടുപ്പ്: അമിത് ഷാ എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി
സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സഭയിൽ ഹാജരായിരിക്കണമെന്ന് എംപിമാർക്ക് ഇരു മുന്നണികളും വിപ്പ് നൽകി. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപിച്ചതോടെയാണ് മത്സരത്തിന്റെ സാഹചര്യം ഉണ്ടായത്.
ഇന്ത്യാ സഖ്യത്തിന്റെ യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്നു. കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലേ, മുന്നണിയിൽ അസ്വാരസ്യങ്ങളുണ്ടായതായി മാധ്യമ വാർത്തകളുണ്ടായിരുന്നു.
ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തി. ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും തൃണമൂൽ കോൺഗ്രസും എൻസിപിയും യോഗത്തിൽ പങ്കെടുത്തതായും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ യോഗത്തിനുശേഷം പ്രതികരിച്ചു. തങ്ങളോട് ആലോചിക്കാതെയാണ് സ്ഥാനാർഥിയെ നിർത്തിയതെന്നായിരുന്നു തൃണമൂലിന്റെ വാദം. ചർച്ചകളിലൂടെ തൃണമൂലിനെ അനുനയിപ്പിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷാ എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിലെ 4 എംപിമാർ ബിജെപിയെ പിന്തുണയ്ക്കും. 10.30ന് പാർലമെന്റിലെത്താനാണ് എൻഡിഎ എംപിമാർക്കുള്ള നിർദേശം. 11 മണിക്കാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. രാജസ്ഥാൻ എംപി ഓം ബിർലയാണ് എൻഡിഎ സ്ഥാനാർഥി. 543 അംഗ പാർലമെന്റിൽ 293 പേരുടെ പിന്തുണയാണ് എൻഡിഎ സഖ്യത്തിനുള്ളത്. 232 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പം. കരുത്തു വർധിപ്പിച്ച പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനും അവകാശവാദം ഉന്നയിച്ചേക്കും. രണ്ടാം മോദി സർക്കാർ കഴിഞ്ഞ 5 വർഷം ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചിരുന്നില്ല.