ആഗ്രയിൽ ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ ഇനി മംഗമേശ്വർ സ്റ്റേഷൻ; പേര് മാറ്റി സർക്കാർ
ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തർപ്രദേശ് സർക്കാർ. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വർ മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്. തൊട്ടടുത്ത മംഗമേശ്വർ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റിയതെന്നാണ് സർക്കാർ പറയുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ (യുപിഎംആർസി) ഡെപ്യൂട്ടി ജനറൽ മാനേജർ പ്രതികരിച്ചു. പേര് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദർശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ആകെ 13 സ്റ്റേഷനുകളുണ്ടെന്നും മുൻഗണനാ പട്ടികയിൽ ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹൽ ഈസ്റ്റ് ഗേറ്റ് ആദ്യത്തെ സ്റ്റേഷൻ ആണ്. ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വർ സ്റ്റേഷനെന്ന് അറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറൽ മാനേജർ വിശദീകരിച്ചു.