എ.എ.പി. പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; അപകീർത്തിപരമായ പരാമർശങ്ങൾ നീക്കി
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗാനത്തിലെ അപകീർത്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയ ശേഷമാണ് അനുമതി. ഈ പരാമർശങ്ങൾ ഒഴിവാക്കിയുള്ള ഗാനം ആം ആദ്മി പാർട്ടി കമ്മീഷന് മുന്നിൽ സമർപ്പിച്ചു. സത്യം വിജയിച്ചെന്ന് ആം ആദ്മി നേതാക്കൾ അഭിപ്രായപ്പെട്ടു.
നേരത്തെ ഈ പ്രചരണ ഗാനത്തെ ചൊല്ലി വലിയ തർക്കം തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടിക്കും ഇടയിൽ ഉയർന്നിരുന്നു. കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടിയാണെന്നും ആം ആദ്മി പാർട്ടി നൽകിയ നാല് പരാതികളിലും നടപടി എടുത്തിട്ടില്ലെന്നും പാർട്ടി ആരോപിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിനെ മോശമായി ചിത്രീകരിക്കുന്ന ബോർഡുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കുന്നില്ലെന്ന ആരോപണവും, തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി വിമർശിച്ചിരുന്നു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള 'ജയിൽ കാ ജവാബ് വോട്ട് സേ' എന്ന പ്രചാരണ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഉയർന്ന വികാരം വോട്ടാക്കാനാണ് പ്രചാരണഗാനവും അതെ ആശയത്തിൽ പാർട്ടി പുറത്തിറക്കിയത്. പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി പരാതി നൽകിയതോടെയാണ് കമ്മീഷൻ ഗാനത്തിൽ മാറ്റത്തിന് നിർദ്ദേശിച്ചത്.