മലയാളി മാധ്യമപ്രവർത്തക കൊല്ലപ്പെട്ട കേസ്; തടവുശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവച്ചുകൊന്ന കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രവി കപൂർ, അമിത് ശുക്‌ള, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ശിക്ഷാനടപടി ചോദ്യം ചെയ്തുള്ള പ്രതികളുടെ ഹർജിയിൽ തീരുമാനമാകുന്നതുവരെ തടവുശിക്ഷ മരവിപ്പിച്ചു. 14 വർഷമായി പ്രതികൾ കസ്റ്റഡിയിലാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നാല് പ്രതികളും സമർപ്പിച്ച ഹർജിയിൽ പ്രതികരണം അറിയിക്കണമെന്ന് ഡൽഹി പൊലീസിന് കഴിഞ്ഞ ജനുവരിയിൽ കോടതി നിർദേശം നൽകിയിരുന്നു.
2008 സെപ്തംബർ 30ന് പുലർച്ചെ മൂന്നരയ്ക്കായിരുന്നു സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. ഹെഡ്ലൈൻസ് ടുഡെയിലെ (ഇപ്പോൾ ഇന്ത്യാടുഡെ) മാദ്ധ്യമപ്രവർത്തകയായിരുന്ന സൗമ്യ ജോലി കഴിഞ്ഞ് ഡൽഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു. മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ നെൽസൺ മണ്ഡേല മാർഗിലെത്തിയപ്പോൾ സൗമ്യക്ക് നേരേ വെടിയുതിർത്ത് കവർച്ച നടത്തിയെന്നാണ് കേസ്.ഡ്രൈവിംഗ് സീറ്റിലായിരുന്ന സൗമ്യയുടെ തലയിലാണ് വെടിയേറ്റത്. ആറ് മാസത്തോളം പ്രതികൾ ആരെന്നതിനെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. ഐ ടി ജീവനക്കാരനായ ജിഗിഷ ഘോഷ് എന്നയാളുടെ കൊലപാതകത്തിൽ 2009 മാർച്ചിൽ പ്രതികൾ പിടിയിലായപ്പോഴാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതിൽ ഇവരുടെ പങ്ക് വെളിച്ചത്തുവന്നത്.