അസമിൽ 2200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ 22-കാരന്
അസമിൽ വൻ സാമ്പത്തിക തട്ടിപ്പ്. നിക്ഷപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് അസമിൽ 22,000 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടന്നതെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ പണം തട്ടിയ ബിഷാല്‍ ഫുക്കാനെയും ഇയാളുടെ മാനേജര്‍ ബിപ്ലബിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണു പോലീസ് നൽകുന്ന സൂചന.
നിക്ഷേപം നടത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ 30 ശതമാനത്തിലേറെ ലാഭമാണ് വാഗ്ദാനംചെയ്തിരുന്നത്. അസം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായെന്നാണ് വിവരം. നാലു വ്യാജ കമ്പനികൾ സ്ഥാപിച്ച് അസമീസ് സിനിമാമേഖലയിൽ നിക്ഷേപം നടത്തുകയും നിരവധി സ്വത്തുക്കൾ പ്രതികൾ സമ്പാദിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് എല്ലാ ട്രേഡിങ് തട്ടിപ്പ് കേസുകളിലും സമഗ്രമായ അന്വേഷണം നടത്താന്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ ഉത്തരവിട്ടു. ഇത്തരം ഓണ്‍ലൈന്‍ ട്രേഡിങ് നിക്ഷേപങ്ങളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.