ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; പ്രഖ്യാപനം ആത്മകഥാ പ്രകാശന ചടങ്ങിൽ
ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. ആരാവും ഇനി പാർട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. 1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം.
മഹാരാഷ്ട്രയിൽ കോൺഗ്രസിനെയും ശിവസേനയേയും എൻസിപിയെയും ചേർത്ത് മഹാ വികാസ് അഘാഡി സർക്കാരിനു രൂപം നൽകി ബിജെപിക്കു വൻതിരിച്ചടി നൽകുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാർ ആയിരുന്നു.
ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. പാർട്ടിലെ നിരവധി എംഎൽഎമാരുടെ പിന്തുണ അജിത്തിനുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ശരദ് പവാർ മൗനം പാലിക്കുകയായിരുന്നു. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾ തള്ള അജിത് പവാർ തന്നെ രംഗത്തെത്തിയതോടെയാണ് രംഗം തണുത്തത്.