കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം; കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്
ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികൾ ആരംഭിച്ചുവെന്ന് അംബാല പോലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുമെന്നും ഇക്കാര്യത്തിൽ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പോലീസ് പറയുന്നു. കൂടാതെ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഇതിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം, കർഷകർ ഇന്ന് കറുത്ത വെള്ളിയായി ആചരിക്കുമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചിരിക്കുന്നത്. ഖാനുരി അതിർത്തിയിൽ കർഷകൻ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും രാകേഷ് ടികായത്ത് പറയുന്നു.