മാനസിക പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ ട്രെയിനിന് മുന്നിൽ ചാടിമരിച്ചു
കർണാടകയിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് തിപ്പണ്ണ അലുഗുർ (33) ആത്മഹത്യ ചെയ്‌തത്. ഇയാൾ എഴുതിയ ഒരു പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് സമാനമായ മറ്റൊരു സംഭവം പുറത്തുവരുന്നത്.
ഹുളിമാവ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു തിപ്പണ്ണ. വിജയപുര സ്വദേശിയായ ഇയാൾ മൂന്ന് വർഷം മുമ്പാണ് പാർവതി എന്ന യുവതിയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഭാര്യയും ഭാര്യയുടെ പിതാവ് യമുനപ്പയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തിപ്പണ്ണയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. യമുനപ്പ തന്നെ ഡിസംബർ 12ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് തിപ്പണ്ണയും ഭാര്യയും വഴക്കിട്ടു. പിന്നാലെ യൂണിഫോമിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
മാനസിക പീഡനം സഹിക്കാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും, സുസ്‌കുർ റെയിൽവേ സ്റ്റേഷനടുത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ഔദ്യോഗിക വാഹനം തിരികെ എടുക്കണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർവതിക്കും പിതാവിനുമെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.