കടമെടുപ്പ് പരിധി ; കേരളവും കേന്ദ്രവും തമ്മിലുള്ള തകർക്കം ചർച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി
സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ കഴിയില്ലേ എന്ന ചോദ്യവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം. എന്നാൽ ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രണ്ടു മണിക്ക് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി പറഞ്ഞു.
ചര്‍ച്ചയുണ്ടെങ്കില്‍ ഇന്നോ നാളെയോ ധനമന്ത്രി ഡല്‍ഹിയില്‍ എത്തുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് കേരളത്തിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. അടിയന്തരമായി കടം എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തന്നെ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തീരുമാനം വൈകരുതെന്നും കബിൽ സിബല്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം മറുപടി സത്യവാങ്മൂലം നൽകിയത്.
കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ പറയുന്നു.
എന്നാൽ ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ട് വിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുകൂടെയെന്ന് കോടതി ആരാഞ്ഞത്. എന്നാല്‍, ഈ വിഷയം പൊതു ധനകാര്യ മേഖലയെ ബാധിക്കുന്നതാണെന്നും വലിയ മാനങ്ങളുള്ളതാണെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.