Begin typing your search...

റേവ് പാർട്ടിക്കിടെ ലഹരിവേട്ട; ബെംഗളൂരിൽ നടിമാരും മോഡലുകളും ഉൾപ്പെടെ കസ്റ്റഡിയിൽ

റേവ് പാർട്ടിക്കിടെ ലഹരിവേട്ട; ബെംഗളൂരിൽ നടിമാരും മോഡലുകളും ഉൾപ്പെടെ കസ്റ്റഡിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബെംഗളൂരു നഗരത്തിലെ റേവ് പാർട്ടിക്കിടെ് നടന്ന റെയ്ഡിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ. ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽനിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. പാർട്ടിയിൽ പങ്കെടുത്തിരുന്ന തെലുഗു നടിമാർ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. 'ബ്ലഡി മസ്‌കാര', 'റാബ്സ്', 'കയ്വി' തുടങ്ങിയ ഡി.ജെ.കളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.

ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസിൽ പാർട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശിൽനിന്ന് ഇയാൾ നേരിട്ടെത്തിയാണ് പാർട്ടിയുടെ സംഘാടനം ഉൾപ്പെടെ ഏകോപിപ്പിച്ചത്. 'സൺസെറ്റ് ടു സൺറൈസ്' എന്ന് പേരിട്ട പാർട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്. പേര് സൂചിപ്പിക്കുന്ന പോലെ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ ആറുവരെയായിരുന്നു പാർട്ടിയുടെ സമയം.

അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാർട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്നിഫർ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഫാംഹൗസിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യും കൊക്കെയ്നും പിടിച്ചെടുത്തത്. 15-ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു കാറിൽനിന്ന് ആന്ധ്രയിൽനിന്നുള്ള എം.എൽ.എ.യുടെ പാസ്പോർട്ടും കണ്ടെടുത്തു. എം.എൽ.എ. കകാനി ഗോവർധന റെഡ്ഡിയുടെ പേരിലുള്ള പാസ്പോർട്ടാണ് കാറിൽനിന്ന് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ബെംഗളൂരൂവിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ 'കോൺകോഡി'ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാർട്ടി നടന്ന ജി.ആർ. ഫാംഹൗസ്. ലഹരിമരുന്ന് കണ്ടെടുത്തതോടെ പാർട്ടിയിൽ പങ്കെടുത്തിരുന്ന പലരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.

WEB DESK
Next Story
Share it