എൽഡിഎഫ് സർക്കാറിനെ പ്രശംസിച്ച് അശോക് ഗെലോട്ട്
കേരളത്തിൽ സംഭവിച്ചതുപോലെ തുടർഭരണം രാജസ്ഥാനിലുമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. മാറിമാറി ഭരണമെന്ന പ്രവണത മറികടന്ന് രണ്ടാം തവണ അധികാരത്തിൽ വരാൻ കേരളത്തിൽ സാധിച്ചെങ്കിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.
ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എൽഡിഎഫ് സർക്കാറിനെ ഗെലോട്ട് പ്രശംസിക്കുകയും ചെയ്തു.കൊവിഡ് കാലത്ത് കേരളം ട്രെൻഡ് സെറ്റ് ചെയ്തു. പകർച്ചവ്യാധി കാലത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുത്തതെന്ന് ആളുകൾ എന്നോട് പറഞ്ഞു. കേരള മോഡൽ ലോകപ്രശസ്തമാണ്. മികച്ച ക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും രാജസ്ഥാനിലുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം നവകേരള സദസ്സിൽ സർക്കാറിനെതിരെ വിമർശനം കടുപ്പിച്ച സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ എൽഡിഎഫ് അനുകൂല പരാമർശമെന്നതും ശ്രദ്ധേയം. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച അവസാനിച്ചു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. അധികാരം നിലനിർത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസും അശോക് ഗെലോട്ടും. അതേസമയം, ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷയിലാണ് ബിജെപി.