അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് ആറിന് പരിഗണിക്കു
തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.കെ. മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
'വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി' എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണെമന്നും നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആനത്താരകളും ആനകള്‍ കഴിയുന്ന പ്രദേശങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിനും വിദഗ്ധ സമിതി രൂപവത്കരിക്കണെമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.