'ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്' ; തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ഹിന്ദി അനുകൂല പരാമർശം വിവാദത്തിൽ
തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തിൽ. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. 1980ലെ വിഷയങ്ങൾ വീണ്ടും ഉയർത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പരാമർശം ഉണ്ടായത്.
1980-ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങൾ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ.-അണ്ണാമലൈ പറഞ്ഞു. അതേസമയം, അണ്ണാമലൈയുടെ പരാമർശത്തിനെതിരെ ഡിഎംകെയും അണ്ണാഡിഎംകെയും രംഗത്തെത്തി. മോദി ഇതിനെതരെ പ്രതികരിച്ചിട്ടില്ലെന്നും അവർ വിമർശിച്ചു. ഹിന്ദിവിരുദ്ധ സമരത്തിലെ രക്തസാക്ഷികളെ അപമാനിച്ചെന്ന് ഡിഎംകെ വിമർശിച്ചു. അണ്ണാമലൈ പറയുന്നത് വിവരക്കേടാണെന്ന് അണ്ണാഡിഎംകെ പ്രതികരിച്ചു.
അതേസമയം, തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്‍റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധം ആക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു സ്റ്റാലിന്റെ വിമർശനം.
കള്ളപ്പണം വീണ്ടെടുക്കൽ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, രണ്ട് കോടി തൊഴിലവസരങ്ങൾ- നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം വായുവിൽ അലിഞ്ഞുചേർന്നു. വിമാനങ്ങളിൽ മാത്രമല്ല തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ പോലും തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്ല. എല്ലായിടത്തും ഹിന്ദി! എന്തിനും ഹിന്ദി!"- എന്നും സ്റ്റാലിൻ കുറിച്ചു.