വാർത്തകൾ ഒറ്റ നോട്ടത്തിൽ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിലാണ് പ്രചാരണം നടത്തുന്നത്. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തിയ തരൂര്‍ മുംബൈ പിസിസി ആസ്ഥാനത്ത് എത്തിയും നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ മുംബൈയില്‍ എത്തിയ തരൂരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും എത്തിയിരുന്നില്ല. എന്നാല്‍ ഇതില്‍ തനിക്ക് പരിഭവമില്ലെന്നും സാധാരണ പ്രവര്‍ത്തകരുടെ പിന്‍തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു
...........
കോൺഗ്രസ് പ്രവർത്തകർക്കിടയില്‍ ശശി തരൂരിനുള്ള പിന്‍തുണ ഏറുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളിലെ തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികള്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
.................
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് ശശി തരൂരിന്‍റെ പരാതി. 9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണെന്ന് തരൂർ ക്യാമ്പ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി.
.......................
വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോജോ പത്രോസിന്‍റെ ആരോപണം തള്ളി ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. അപകടസമയത്ത് KSRTC ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായ അകലം പാലിച്ചില്ല. അപകടത്തിന് തൊട്ടുമുമ്പ് KSRTC ബസ് വേഗത കുറച്ചെങ്കിലും അത് അപകടകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
...................
പാലക്കാട് ജില്ലയില്‍ ദേശീയ പാത കടന്നുപോകുന്ന വാളയാര്‍ - വടക്കഞ്ചേരി റോഡില്‍ അപകടം കുറയ്ക്കാന്‍ , നിര്‍ദേശങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ഡിവൈഡറുകള്‍ക്ക് ഇടയിലെ വിടവുകളിലൂടെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അടയ്ക്കണം. വെളിച്ച കുറവ് പരിഹരിക്കണം. ഡിവൈഡറുകള്‍, വരമ്പുകള്‍, കലുങ്കുകളുടെ കെട്ടുകള്‍ എന്നിവയ്ക്ക് മുന്‍പായി റിഫ്ലക്ടറുകള്‍ വയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
..................
പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ മുൻകാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ്. നൃത്തം ചെയ്തുകൊണ്ട് വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ തീരുമാനം. ഇക്കാര്യത്തില്‍ പൊലീസിന് ജോമോന്‍ വിശദീകരണം നല്‍കി. ദൃശ്യങ്ങൾ 2010 ലേതാണെന്ന് ജോമോൻ പോലീസിനോട് പറഞ്ഞു. ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതേ സമയം ഈ ദൃശ്യങ്ങള്‍, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.
..............
ലത്തീൻ സഭയുടെ സമരത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
...................
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി വനിതാ കമ്മീഷൻ. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും അഞ്ചുവർഷം ആയിട്ടും കത്രിക വയറ്റിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് വലിയ പിഴവാണെന്നും പി.സതീദേവി പറഞ്ഞു. വയറിൽ കുടുങ്ങിയ കത്രിക വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമായിരുന്നു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അനാസ്ഥ കാട്ടിയ ഡോക്ടർമാരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും പി സതീദേവി വ്യക്തമാക്കി.
................
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിശദീകരണം. മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്‌സാണ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
.................
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. മൂന്ന് മാസം മുമ്പ് ഇതേ ഗ്രാമത്തിൽ താമസിക്കുന്ന അഭിഷേക് എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പഞ്ചായത്ത് യോഗത്തിൽ എത്തിയതിനെ തുടര്‍ന്ന് പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കി സംഭവം ഉണ്ടായത്.
................
ഉത്തർപ്രദേശിലെ അമേഠിയിൽ 15 വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഡിജെ അറസ്റ്റില്‍. ദുർഗാപൂജ പന്തലിൽ ഡി.ജെ ആയി എത്തിയ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായും പോക്‌സോ നിയമം ചുമത്തിയതായും പോലീസ് അറിയിച്ചു.
.............
തെക്കന്‍ മെക്സിക്കന്‍ നഗരമായ ചിയാപ്പാസില്‍ 57 കുട്ടികളെ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ആകാം വിഷബാധയേറ്റത് എന്ന് രക്ഷിതാക്കള്‍ പറയുന്നുണ്ടെങ്കിലും അപകടകരമായ മയക്കുമരുന്ന് , ഇതിന് കാരണായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികായാണ്.
.............
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ അതിശക്തമായ മഴ. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
..............
ലോകകപ്പിന്‍റെ ഭാഗമായി ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‍കൂളുകളുടെയും പ്രവൃത്തി സമയത്തില്‍ മാറ്റം. ലോകകപ്പ് സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടി. നവംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 20 ശതമാനം മാത്രമേ ഓഫീസുകളില്‍ നേരിട്ടെത്തൂ. മറ്റുള്ളവര്‍ക്ക് താമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാം. ഡിസംബര്‍ 19 വരെ ഇത്തരത്തിലായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. സ്‍കൂളുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മണി മുതല്‍ ഉച്ച വരെയായിരിക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 22 വരെ സ്‍കൂളുകള്‍ക്ക് അവധിയായിരിക്കും.
...............
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റാഞ്ചിയിലാണ് ഇന്നത്തെ മത്സരം. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
............