Begin typing your search...

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന മാർഗങ്ങൾ നിയമസഭ പാസാക്കിയ ആക്ട് വഴി സർക്കാർ കിഫ്ബിക്ക് ഏർപ്പെടുത്തി കൊടുത്തു. ആന്യുറ്റി മാതൃകയിൽ ലഭ്യമാകുന്ന ഫണ്ടും ഒപ്പം വായ്പ വഴിയുള്ള വിഭവസമാഹരണവും അതിന്റെ തിരിച്ചടവും കിഫ്ബിയുടെ ഉത്തര വാദിത്തമാണ്. വകമാറി ചെലവഴിക്കപ്പെടുന്നില്ല എന്ന് നിരീക്ഷണ സംവിധാനം വഴി ഉറപ്പു വരുത്തിയതോടെ സംസ്ഥാനത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ കിഫ്ബി അത്‌ഭുതങ്ങൾ സൃഷ്ടിച്ചു തുടങ്ങി. അതോടെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്രം ഇടങ്കോലിടാൻ തുടങ്ങി. സിഎജിയും ഇഡിയും വഴിയുള്ള ഉപദ്രവങ്ങൾ ഒരു വഴിക്ക്. കിഫ്ബിയുടെ വായ്പാ സമാഹരണം സംസ്ഥാനത്തിന്റെ പൊതു കടത്തിൽ കൂട്ടിച്ചേർത്ത് അത് തടഞ്ഞ് സൃഷ്ടിക്കുന്ന പ്രതിസന്ധി വേറൊരു വഴിക്ക്. അതേ സമയം കിഫ്ബി മാതൃകയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളായ NHAI അടക്കമുള്ളവയ്ക്ക് ഈ നിയന്ത്രണങ്ങളൊന്നും ബാധകമല്ല എന്ന വിവേചനവും ഉണ്ട് എന്നോർക്കണം. കിഫ്ബിയുടെ ധനസമാഹരണത്തിന് സംസ്ഥാനം കൊടുക്കുന്ന ഗ്യാരന്റിയെ ബാധ്യതയായി വ്യാഖ്യാനിച്ചാണ് ഈ ഭരണഘടനാ വിരുദ്ധമായ ഇടപെടൽ കേന്ദ്രം നടത്തുന്നത്.ഭരണഘടനാവിരുദ്ധമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചത് വഴി 2016-17 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ സംസ്ഥാനത്തിന്റെ എക്സ്പെൻഡിച്ചറിൽ ഉണ്ടായ ആകെ നഷ്ടം 1,07,513.09 കോടി രൂപ.

ഇതിൽ കിഫ്ബിക്കും കെഎസ്എസ്പിഎല്ലിനും മാത്രമുണ്ടായത് 9614.10കോടി രൂപയുടെ നഷ്ടം.2021-22 സാമ്പത്തിക വർഷത്തിൽ ബജറ്റിന് പുറത്തുള്ള കടമെടുപ്പിൽ വന്ന നഷ്ടം 6281.04 കോടി രൂപയുടേതാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളുടക്കമുള്ളവ ഇതുമൂലം കുടിശികയായിരിക്കുകയാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളം.കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമാണം നടത്തുന്നതും പൊതുകടം സംബന്ധിച്ചുള്ള നിയമ പരവും ഭരണപരവും ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും സംസ്ഥാന സംരംഭങ്ങൾക്ക് ആവശ്യാനുസരണം സാമ്പത്തിക സഹായം നല്കുന്നതുമെല്ലാം പൂർണമായും സംസ്ഥാനങ്ങളുടെ പരിധിയിൽ പെട്ട വിഷയങ്ങളാണ്. ഇത് ഭരണഘടനയിലെ അനുശ്ചേദങ്ങൾ 162 ,199 ,202 ,204 ,266,298 , 7 -ആം schedule ലെ സംസ്ഥാന ലിസ്റ്റിലെ entry 43, എന്നിവ വായിച്ചാൽ സുവ്യക്തമാണ്. പ്രസ്തുത അനുശ്ചേദങ്ങളും അതോടൊപ്പം അനുശ്ചേദം 293 (1 )ഉം ചേർത്ത് വായിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിന് തനതായ അധികാരങ്ങളുണ്ടെന്നു വ്യക്തമാകും . അപ്രകാരം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനും എല്ലാ തലത്തിലും സാമ്പത്തിക അച്ചടക്കം ഉറപ്പ് വരുത്തുന്ന നടപടികൾ നടപ്പിലാക്കുന്നതിനും സംസ്ഥാന നിയമ സഭ പാസ്സാക്കിയിട്ടുള്ള നിയമമാണ് Kerala fiscal Responsibility Act,2003. 2003 ന് മുൻപ് ഭരണഘടനനുസൃതമായും ധനകാര്യ കമ്മിഷനുകളുടെ നിർദേശങ്ങൾക്ക് വിധേയമായുമായിരുന്നു കടമെടുപ്പ് തുടങ്ങിയ വിഷയങ്ങൾ സംസ്ഥാനം കൈകാര്യം ചെയ്ത് കൊണ്ടിരുന്നത്.തങ്ങളുടെ ധനകമ്മി നികത്തുന്നതിനായി സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധിയെ വെട്ടിച്ചുരുക്കാൻ, കേന്ദ്രത്തിനു അധികാരമില്ല.

സംസ്ഥാനത്തിന്റെ ധനകാര്യപ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന ഭരണഘടനാ വിരുദ്ധമായ ഇടപെടൽ നിരോധിക്കുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള അർഹമായ കടമെടുപ്പ് പരിധിയിൽ നിന്നുള്ള ഭരണഘടനാ വിരുദ്ധമായ വെട്ടിച്ചുരുക്കലുകൾ റദ്ദാക്കുക, കടമെടുപ്പ് പരിധിയിൽ നിന്നും സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിൽ നിന്ന് ഉണ്ടാകുന്ന ബാധ്യതകളെ വെട്ടിച്ചുരുക്കിയ ഉത്തരവ് റദ്ദു ചെയ്യുക, കടമെടുപ്പ് പരിധിയിൽ നിന്നും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകൾ വെട്ടിച്ചുരുക്കിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്രസർക്കാരിന് കീഴിലുള്ള ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നടപടികൾ റദ്ദു ചെയ്യുക, അ നുശ്ചേദം 293(3),293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അവകാശാധികാരങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന നടപടികൾവിലക്കുക, സംസ്ഥാനത്തിനു അർഹതപ്പെട്ട നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി തങ്ങളുടെ വികസന പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥസർക്കാരിനെ അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ. അങ്ങനെ സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2023 ‍ഡിസംബറിൽ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ സ്റ്റേറ്റ് ഓഫ് കേരള വെഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസ് SUIT No.-000001/2024 ആയാണ് സുപ്രീംകോടതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

WEB DESK
Next Story
Share it