കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസം ; പുതിയ സർവീസുകളുമായി എയർഇന്ത്യ എക്സ്പ്രസ്
കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊച്ചി സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതൽ ഇവ സർവിസ് ആരംഭിക്കും. നിലവിൽ കണ്ണൂർ, കോഴിക്കോട് സെക്ടറിൽ മാത്രമാണ് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ സർവിസ് ഉള്ളത്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.
അതേസമയം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവീസ് റദ്ദാക്കിയത് മുതൽ തുടങ്ങിയ കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പുതിയ ഷെഡ്യൂൾ പ്രകാരം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം 12.30 കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽ നിന്ന് സർവിസ് ആരംഭിക്കുന്ന വിമാനം രാവിലെ 8.15 കണ്ണൂരിലെത്തും.ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.45 മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് വ്യാഴാഴ്ച പുലർച്ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ്കറ്റിലെത്തും.
വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.20ന് മസ്കത്തിലെത്തും. ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കറ്റിലെത്തും.