അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ച് കുവൈത്ത് അമീർ ; രാജ്യസന്ദർശനത്തിന് ക്ഷണിച്ച് ഇരു നേതാക്കളും
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സംഭാഷണത്തിനിടെ കുവൈത്തും യു.എസും തമ്മിലുള്ള ആഴത്തിൽ വേരോട്ടമുള്ള സൗഹൃദ ബന്ധം ഇരുവരും പങ്കുവെച്ചു. സാമ്പത്തിക, സുരക്ഷ, സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധവും വിലയിരുത്തി. ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുനേതാക്കളും പ്രകടിപ്പിച്ചു.
പരസ്പര പ്രാധാന്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സംഭാഷണത്തിനിടയിൽ ചർച്ചയായി. കുവൈത്ത് സന്ദർശിക്കാൻ ട്രംപിനെ അമീർ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അമീറിന്റെ അഭിനന്ദനങ്ങൾക്ക് ട്രംപ് നന്ദി രേഖപ്പെടുത്തുകയും കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ ഉറപ്പിക്കുകയും ചെയ്തു. അമീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.