പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ബാഗേജിന് കുറഞ്ഞ നിരക്ക്
ഓഫ് സീസണിൽ അധിക ബാഗേജിന് വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്.കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തിയത്. നിലവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറും ഈടാക്കും. കുവൈത്തിൽ നിന്ന് ഡിസംബർ 11 വരെ യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും മാത്രമാണ് ഈ ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്.
കുവൈത്തിൽനിന്ന് നാട്ടിലേക്ക് നിലവിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമാണ്. തിരിച്ച് 20 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം.
ജൂലൈയിൽ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാർ, 10 കിലോക്ക് ആറു ദീനാർ, 15 കിലോക്ക് 12 ദീനാർ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവ് വരുത്തിയതെന്നാണ് സൂചന. അതേസമയം, ഓഫ് സീസണിൽ കഴിഞ്ഞ വർഷം സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിച്ചിരുന്നു.