വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതി; ഇ.പിയുടെ ഭാര്യയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോർഫ് ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ജയരാജന്റെ ഭാര്യ ഇന്ദിര നൽകിയ പരാതിയിൽ വളപട്ടണം പോലീസാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. കേസ്. ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ.ഇന്ദിര ഇരിക്കുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നൽകിയ പരാതിയിലാണ് കേസെടുക്കാൻ നിർദേശം നൽകിയത്. നേരത്തെ വാർത്താസമ്മേളനത്തിൽ പൊലീസിൽ പരാതി നൽകിയ കാര്യം ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു. വിഡി സതീശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് വിഷയത്തിൽ ഇപി ജയരാജൻ പ്രതികരിച്ചത്.