കാറിൽ മയക്കുമരുന്ന് വച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം; യുവാവിന്റെ പദ്ധതി പൊളിച്ച് പൊലീസ്
മയക്കുമരുന്നായ എംഡിഎംഎ കാറിൽ വച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസ് പൊളിച്ചു. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്.
10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറിൽ എംഡിഎംഎ വച്ച ചീരാൽ, കുടുക്കി, പുത്തൻപുരക്കൽ പി.എം. മോൻസി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവിൽപോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയിൽ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി.
വിൽപ്പനയ്ക്കായി ഒഎൽഎക്സിലിട്ട കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ വാങ്ങി ഡ്രൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നൽകുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുൽപ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്റ്റേഷനിൽ ലഭിക്കുന്നത്. തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അതുവഴിവന്ന അമ്പലവയൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൽനിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ചോദ്യംചെയ്യലിൽ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു. ഒഎൽഎക്സിൽ വിൽപ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവൺ എന്നയാൾക്കു കൊടുക്കാൻ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പർ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവൺ എന്നത് മോൻസിയുടെ കള്ളപ്പേരാണെന്നു തെളിഞ്ഞു.