മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവം; കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയിൽ റിപ്പോർട്ട് നൽകി
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂർവമല്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്‌ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്വി സൗണ്ട്‌സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്‌ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കി.