അവയവം മാറി ശസ്ത്രക്രിയ; ചികിത്സാ പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്, പൊലീസിന് കൈമാറി
കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയയിൽ ഡോക്റ്റർ ബിജോൺ ജോൺസന് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർക്ക് ചികിൽസ പിഴവ് സംഭവിച്ചെന്നാണ് മെഡിക്കൽ ബോർഡിൻറെ കണ്ടെത്തൽ. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്നും മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസിന് കൈമാറി. മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ നെഗ്ലീജൻസ് ആക്റ്റ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് നടപടി എടുക്കും ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തലെന്നും എന്നാൽ പിഴവ് സംഭവിച്ചോ എന്ന് പറയേണ്ടത് മെഡിക്കൽ ബോർഡാണാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപി കെഇ പ്രേമചന്ദ്രൻ പറഞ്ഞു.
പ്രഥമ ദൃഷ്ട്യാ സംശയങ്ങൾ ഉണ്ടെന്നും മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. കേസെടുക്കണം എന്നാണ് മെഡിക്കൽ റിപ്പോർട്ട് എങ്കിൽ അത്തരം നടപടികളും സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേർത്തു. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.
സംഭവത്തിൽ മെഡിക്കൽ ബോർഡും രൂപവത്കരിച്ചിരുന്നു. മെഡിക്കൽ നെഗ്‌ളിജൻസ് ആക്ട് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് ജില്ലാ മെഡിക്കൽ ഓഫീസർ വിദഗ്ദരെ ഉൾപ്പെടുത്തി നേരത്തെ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. അവയവം മാറി ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട രേഖകൾ, ഡ്യൂട്ടി രജിസ്റ്റർ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ എന്നിവർ പൊലീസിന് നൽകിയ മൊഴി, തുടങ്ങിയവ പരിശോധിച്ചശേഷമാണ് മെഡിക്കൽ ബോർഡ് പൊലീസിന് റിപ്പോർട്ട് നൽകിയത്.
മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിൻരെ തുടർനടപടികൾ.