ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇന്നലെ കേരളത്തിൽ സമർപ്പിക്കപ്പെട്ടത് 14 നാമനിർദേശ പത്രികകൾ
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ നല്‍കിയത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്ത്, നാല്, കൊല്ലം-3, മാവേലിക്കര-1, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കോഴിക്കോട്-1, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഇന്നലെ സമര്‍പ്പിച്ച പത്രികകള്‍. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും, കാസര്‍കോട് ഒരു സ്ഥാനാര്‍ത്ഥി മൂന്നു പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്.
എറണാകുളത്ത് സ്വതന്ത്രനായി സിറിള്‍ സ്‌കറിയ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് അവധിയായതിനാല്‍ പത്രികാ സമര്‍പ്പണം ഇല്ല. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 31, എപ്രില്‍ ഒന്ന് തീയതികളിലും പത്രിക സമര്‍പ്പിക്കാനാവില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല് ആണ്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ് നടക്കുക.