Begin typing your search...

കേരളീയം-2023; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കേരളീയം-2023; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

കേരളത്തെ, അതിന്‍റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പില് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന'കേരളീയം-23'ന്‍റെ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്ത ആറ് എകിസിബിഷനുകള്‍ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 13 എക്സിബിഷനുകൾ കൂടി ഉള്‍പ്പെടുത്തി 19 എകസിബിഷനുകളാണ് ഉണ്ടാവുക. കേരളത്തിന്‍റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദര്‍ശന വേദിയാണ് കേരളീയം. ഏഴ് ദിവസങ്ങളിലായി 31 വേദികളിലാണ് കേരളത്തിന്‍റെ തനത് കലകള്‍ അരങ്ങേറുന്നത്. കേരളത്തിന്‍റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താന് 10 വേദികളിലായാണ് ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ട്രേഡ് ഫെയർ, ട്രൈബല്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബല് ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകള്‍ എന്നിവ ഈ ഉത്സവത്തിന്‍റെ ഭാഗമായിരിക്കും. കൂടാതെ വ്യത്യസ്ത കേരളീയ രുചികളും തനത് രുചികളും പരിചയപ്പെടുത്താൻ ഭക്ഷ്യമേളകളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ട് വേദികളിലായി ഫ്ളവര്‍ ഷോ നടക്കും. കൂടാതെ വിവിധ വേദികളിലായി ഫിലിം ഫെസ്റ്റിവെല്ലും ഉണ്ടാകും. നിയമസഭാ മന്ദിരത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുസ്തകോത്സവം ഇത്തവണ നിയമസഭയുടെ ആഭിമുഖ്യത്തില്‍ 'കേരളീയ'ത്തിന്‍റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ സാമൂഹ്യസാമ്പത്തിക മേഖലകളിലെ സുപ്രധാന വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ ഈ സെമിനാറുകളുടെ ഭാഗമാകും. മണിശങ്കര്‍ അയ്യര്‍, ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍, പ്രൊഫസര്‍ റോബിന്‍ ജെഫ്രി, കെ.എം ചന്ദ്രശേഖര്‍, ഡോ. എം. ആര്‍ രാജഗോപാല്‍, ഡോ. ഗോപാല്‍ ഗുരു, ബെസ്വാദാ വില്‍സണ്‍, യൂണിസെഫിന്‍റെ ഇന്ത്യ പ്രതിനിധി സിന്തിയ മക്ക്അഫെറി, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞ ബാര്‍ബറ ഹാരിസ് വൈറ്റ്, ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നും സുക്തി ദാസ് ഗുപ്ത, ജസ്റ്റിസ് കെ. ചന്ദ്രു തുടങ്ങി നിരവധി പ്രമുഖര്‍ കേരളീയത്തിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇതിനകം സ്വീകരിച്ചു. ഇനിയും അനവധി പ്രഗത്ഭര്‍ ഈ പരിപാടികളുടെ ഭാഗമാകും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറേണ്ടതുണ്ട്. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികള്‍ ഓരോ നഗരവാസിയും സ്വീകരിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തിന്‍റെ പുകള്‍പെറ്റ ആതിഥ്യമര്യാദ ലോകം അറിയണം. തിരുവനന്തപുരത്ത് താമസിക്കുന്നവര്‍ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഈ ദിവസങ്ങളില്‍ ക്ഷണിച്ചുവരുത്തണമെന്നും ആളുകള്‍ക്ക് ഇങ്ങോട്ടെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാര്‍ഥത്തില്‍ കേരളത്തിന്‍റെ ഉത്സവമായി മാറുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'കേരളീയത' എന്നത് ഓരോ മലയാളിയുടെയും വികാരമാവണം, അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it