കേരളീയം പരിപാടി; ഒരുക്കങ്ങൾ തകൃതി
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. കേരളീയം 2023 ന്‍റെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകളാണ് അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
വിയറ്റ്നാം മുന്‍ കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ടെറി സീനിയര്‍ ഫെല്ലോ ഡോ. കെ സി ബന്‍സല്‍, ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്സണ്‍, പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ പ്രൊഫ.കടമ്പോട്ട് സിദ്ദിക്ക്, പ്രശസ്ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാര്‍ഡ് ഫ്രാങ്കി, അമുല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി, കല്‍ക്കട്ടയിലെ ശ്രുതി ഡിസെബിലിറ്റി റൈറ്റ്സ് സെന്‍റര്‍ സ്ഥാപക ശംപ സെന്‍ഗുപ്ത, മാനസിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ദി ബന്യന്‍' എന്ന സംഘടനയുടെ സ്ഥാപക വന്ദന ഗോപകുമാര്‍, കൊളംബിയ സര്‍വ്വകലാശാലയിലെ ഗ്ലെന്‍ ഡെമിങ്, ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സൗത്ത് ഏഷ്യ ഓഫീസിലെ സാമ്പത്തിക വിദഗ്ധ കല്യാണി രഘുനാഥന്‍, മുന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സായിദാ ഹമീദ് എന്നീ പ്രമുഖർ കേരളീയം പരിപാടിയിൽ പങ്കെടുക്കും
40 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്.കേരളത്തിന്‍റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താന്‍ 9 വേദികളിലാണ് ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ആറ് വേദികളിലായി ഫ്ളവര്‍ ഷോയും നടക്കും. വിവിധ തീമുകളിലായി ഒന്‍പത് എക്സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആന്‍ഡ് പ്രോഗ്രസ്, വ്യവസായം, സംസ്കാരം, ഇന്നോവേഷന്‍ ആന്‍ഡ് ടാലന്‍റ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങള്‍ എക്സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടും.
കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്കാരിക-കലാ വിരുന്നാണ് കേരളീയത്തിന്‍റെ ഭാഗമായി ഒരുങ്ങുന്നത്. നാല് പ്രധാന വേദികള്‍, രണ്ട് നാടക വേദി, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികള്‍, 10 തെരുവ് വേദികള്‍ എന്നിവയാണ് കലാപരിപാടികള്‍ക്ക് മാത്രമായി ഒരുക്കുന്നത്.ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാളസിനിമാ സംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന്. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും കുട്ടികളുടെ നാടകങ്ങള്‍ക്കുമായി വേദികള്‍ ഒരുങ്ങും.
പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപലാങ്കാരമാവും ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രധാനപ്പെട്ട വേദികളില്‍ എല്‍ഇഡി ഇന്‍സ്റ്റലേഷനും ഉണ്ടാകും. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ വ്യത്യസ്തമായ വിഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 11 ഭക്ഷണമേളകള്‍ സംഘടിപ്പിക്കും. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിയുള്ള ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ മറ്റൊരു ആകര്‍ഷണം.
കേരളീയം നാടിന്‍റെയാകെ മഹോത്സവമായി മാറ്റാന്‍ എല്ലാവരുടെയും സജീവമായ പങ്കാളിത്തമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്‍റെ തനിമയും നേട്ടങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ചര്‍ച്ചകളിലൂടെയും വിവിധ പരിപാടികളിലൂടെയും അറിവിന്‍റേയും അനുഭവങ്ങളുടെയും ലോകം കൂടുതല്‍ വിശാലമാക്കാനും കേരളീയത്തിനു സാധിക്കും. അതിനായി ഒരുമിച്ച് ഒരേ മനസ്സോടെ നമുക്ക് പ്രയത്നിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളീയത്തിന്‍റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അറിവിന്‍റെ ആഗോള സംഗമം എന്ന നിലയില്‍ വിദേശ മലയാളികളടക്കം പങ്കാളികളാകുന്ന മത്സരം ഒക്ടോബര്‍ 19 വൈകുന്നേരം 7.30നാണ്. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രര്‍ ചെയ്യാം. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണിലൂടെ മത്സരത്തില്‍ പങ്കെടുക്കാം.വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങളും മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും.