തിരൂരങ്ങാടിയിലെ വ്യാജ ആർസി കേസ്: ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
തിരൂരങ്ങാടിയിലെ വ്യാജ ആർ.സി നിർമ്മാണവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. തിരൂരങ്ങാടി ആർ.ടി.ഓഫീസിൽ നിന്ന് തയ്യാറാക്കിയ വ്യാജ ആർ.സി ബുക്കിലെ ഉടമകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ സി.പി സക്കരിയ്യ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. കെ.എൽ 27-എച്ച് 7396, കെ.എൽ 34-എഫ് 9365, കെ.എൽ-26 എൽ 726, കെ.എൽ-51 എൻ 5178, കെ.എൽ 46-ടി 7443, കെ.എൽ-75 എ 3346, കെഎൽ 11-ബി.എഫ് 946 എന്നീ വാഹനങ്ങളുടെ ഇപ്പോഴത്തെ വ്യാജ ആർ.സി ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
വ്യാജ രേഖ ചമക്കൽ, വിശ്വാസ വഞ്ചന, ആൾമാറാട്ടം, വഞ്ചന, സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ആർ സി നിർമ്മിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല.
യഥാർത്ഥ ഉടമസ്ഥന്റെ ഫോൺ നമ്പറിലാണ് ആർസി മാറ്റുമ്പോൾ ഒടിപി വരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഫോൺ നമ്പർ മാറ്റി മറ്റു നമ്പറുകളിലേക്ക് ഒടിപി വരാൻ സഹായിച്ചു എന്നാണ് തിരൂരങ്ങാടി ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആരോപണം. പരാതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആർടിഒ പോലീസിലും ട്രാൻസ്പോർട് കമ്മിഷണർക്കും പരാതി നൽകി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് ജോയിന്റ് ആർ ടി ഒ വിശദീകരിച്ചു.