കേരളത്തിൽ ഡെങ്കിപ്പനിയും വേനൽക്കാല രോഗങ്ങളും കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം
വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്‌ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം.
എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി. മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇന്‍ഫ്‌ളുവന്‍സയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ശ്വാസ തടസമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. വെള്ളത്തിന് ക്ഷാമം വരുന്നതിനാല്‍ ഏറെ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളില്‍ പകര്‍ച്ചവ്യാധികളുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം.
ഉയര്‍ന്ന ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ചൂട് കാലമായതിനാല്‍ നിര്‍ജലീകരണം പെട്ടന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.
വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തി വരുന്നതായി മന്ത്രി അറിയിച്ചു. കൃത്യമായ നിരീക്ഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മലപ്പുറം പോത്തുകല്ലിലെ ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.