ഒന്നര മണിക്കൂറിൽ 100 എംഎം മഴ; കളമശേരിയിലെ മഴയ്ക്കു കാരണം മേഘവിസ്‌ഫോടനം
രാവിലെ കളമശേരിയിൽ ഉണ്ടായ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്.
കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. മേഘ വിസ്‌ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്‌ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്.