മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ സിപിഎം-ബിജെപി ബന്ധത്തിന് തെളിവ്; സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ
മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തുടനീളമുള്ള സിപിഎം - ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ചു. സംഘപരിവാർ - സി പി എം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി പറയാത്ത കാര്യം പി ആർ ഏജൻസി എഴുതി കൊടുത്തെങ്കിൽ എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ല? മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന കെടി ജലീലിന്റെ നിലപാട് സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.