വന്ദേഭാരത് സമയക്രമവും നിരക്കുമായി; കണ്ണൂർ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ
വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിൻ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
ട്രയൽ റൺ നടത്തിയ സമയക്രമം തന്നെയാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചിൽ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക.
എക്സിക്യൂട്ടീവ് കോച്ചിൽ നിരക്ക് 2400 രൂപയാണ്. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളിൽ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ. മുന്നിലും പിന്നിലും എഞ്ചിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും. തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിൽ വെച്ച് വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.