മായാമുരളിയെ കൊലപ്പെടുത്തി നാടുവിട്ട കേസ്; സുഹൃത്തായ ഓട്ടോ ഡ്രൈവർ കമ്പത്ത് പിടിയിൽ
പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ പ്രതി ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത് പിടിയിൽ. മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാമുരളിയുമായി സൗഹൃദത്തിലാകുകയായിരുന്നു. 8 മാസമായി ഒരുമിച്ച് താമസിക്കുകയാണ്. മായയെ ഇയാൾ സ്ഥിരമായി മർദിച്ചിരുന്നു. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്.
മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തിൽ മെയ് 9നാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന പേരൂർക്കട സ്വദേശി രഞ്ജിത്ത് (31) അന്നു തന്നെ മുങ്ങി. ഓടിച്ചിരുന്ന ഓട്ടോയും മൊബൈൽ ഫോണും ഉപേക്ഷിച്ചശേഷം പേരൂർക്കടയുടെ വിവിധ ഭാഗങ്ങളിൽ രഞ്ജിത്ത് രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് തമിഴ്നാട്ടിലേക്ക് കടന്നത്.
രഞ്ജിത്ത് മായയെ തലേദിവസം മർദിച്ചിരുന്നതായി പരിസരവാസികളും വീട്ടിൽ ഒപ്പമുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവായ യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ക്രൂരമർദനമേറ്റാണു മായ മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. പ്രതി രഞ്ജിത്തെന്ന് ഉറപ്പിച്ച പൊലീസ് രണ്ടാഴ്ചയായി ഇയാൾക്കായി തിരച്ചിലിലാണ്. തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിൽ തിരച്ചിൽ വ്യാപിപ്പിച്ചു. കമ്പം, തേനി ഭാഗത്തു നിന്നാണു രഞ്ജിത്ത് ഇന്നലെ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.