ടി.പി വധത്തില്‍ പ്രതികളുടെ അപ്പീല്‍ തള്ളി ഹൈക്കോടതി; ശിക്ഷ ശരിവച്ചു
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. കേസിൽ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണൻ, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെവിട്ടത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സി.പി.എം കോഴിക്കോട് പി. മോഹനന്‍ ഉള്‍പ്പെടെ 22 പേരെ വെറുതെവിട്ട വിചാരണാ കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൾ, സർക്കാർ, കെ.കെ രമ എന്നിവർ നൽകിയ ഹരജികളിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് ജയശങ്കരൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ പത്താം പ്രതിയായിരുന്നു കെ.കെ കൃഷ്ണൻ. ടി.പിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് കേസുണ്ടായിരുന്നു. ടി.പിയുടെ തല തെങ്ങിൻപൂക്കുല പോലെ ചിതറുമെന്ന് പ്രസംഗിച്ച ആളാണ് കൃഷ്ണനെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു സി.പി.എം നേതാവാണ് ജ്യോതി ബാബു. ഇവർക്കെതിരെ ഐ.പി.സി ഗൂഢാലോചനാകുറ്റം ചുമത്താനാണു കോടതി നിർദേശം നൽകിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയിൽ അപ്പീലുകൾ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറഞ്ഞത്.
കേസിൽ പ്രതി ചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതികളുടെ വാദം. സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആർ.എം.പിക്കു രൂപംനൽകിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനുശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കേസിൽ കൊടി സുനി, കിർമാണി മനോജ്, സി,പി,എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയിൽശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു. സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.