സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല; ജനങ്ങൾ സഹകരിക്കണെമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി
കേരളത്തിൽ തത്കാലം ലോഡ്ഷെഡിംഗ് ഏർപ്പെടുത്തുന്നില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാൽ തൽക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യർഥന. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു.