'തരാനുള്ള പണത്തിന്‍റെ പകുതിയെങ്കിലും കേന്ദ്രം നൽകിയാൽ കുടിശ്ശികകളൊന്നും ബാക്കി കാണില്ല';ധനമന്ത്രി കെ.എൻ ബാലഗോപാൽ
തരാനുള്ള പണത്തിന്‍റെ പകുതിയെങ്കിലും കേന്ദ്രം നൽകിയാൽ കേരളത്തിന് കുടിശ്ശികകളൊന്നും ബാക്കി കാണില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഏറ്റവും കുറഞ്ഞത് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതെങ്കിലും കേരളത്തിന് നൽകണം. സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്നത് കോർപറേറ്റീവ് ഫെഡറലിസത്തിന് നല്ലതല്ല. ഗവർണർ അധിക പണം ആവശ്യപ്പെട്ടത് നോക്കി വേണ്ടത് ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്നതിൽ 30,000 കോടി രൂപയോളം കുറവ് വന്നെന്നും ആപ്ലിക്കേഷനിൽ കുത്തും കോമയുമില്ല എന്ന് പറഞ്ഞാണ് കേന്ദ്രം തിരിച്ചയക്കുന്നത്, അതിന് കൈയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഒരു കാര്യവും മറച്ചുവെയ്ക്കുന്നില്ലെന്നും കേന്ദ്രം കേരളത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മൂന്ന് മാസം ശമ്പളം വൈകുന്നു. എന്നാൽ കേരളം ആ പണം കൃത്യമായി നൽകുന്നുണ്ട്. ബാറുകാരുടെ കുറെ കുടിശ്ശിക പിരിഞ്ഞുകിട്ടിയിട്ടുണ്ട്. അതിൽ കർശനമായ നിലപാട് എടുക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷനിൽ ഈ സർക്കാർ 23,350 കോടി രൂപ കൊടുത്തു. ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷം കൊണ്ട് 35,154 കോടി രൂപ കൊടുത്തു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ ആകെ അഞ്ചു വർഷം കൊണ്ട് കൊടുത്തത് 9011 കോടി രൂപയാണെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം കുടിശിക വന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അംഗനവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അംഗനവാടി ജീവനക്കാർക്ക് 10 വർഷത്തിന് മുകളിൽ പരിചയമുള്ളവർക്ക് 1000 രൂപയും അതിന് താഴെയുള്ളവർക്ക് 500 രൂപയും വർധിപ്പിക്കും. ആശാ വർക്കർമാർക്ക് 1000 രൂപയുമാണ് വർധിപ്പിക്കുക. ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.