ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിച്ച് തൃശൂരിൽ ചികിത്സയിലായിരുന്ന 13 വയസ്സുകാരനും തിരുവനന്തപുരത്ത് 56 വയസ്സുകാരനും മരിച്ചു. വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്.
ഏതു പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ടു നില്‍ക്കുന്നതോ ആയ എല്ലാ പനിബാധകള്‍ക്കും വൈദ്യസഹായം തേടണമെന്നു മന്ത്രി പറഞ്ഞു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവെ കാണപ്പെടുന്ന മറ്റു വൈറല്‍പ്പനികളില്‍നിന്നു വ്യത്യസ്തമല്ല. അതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരാം. പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിനെ നശിപ്പിക്കാൻ ഡ്രൈ ഡേ ആചരിക്കും.
ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?
പെട്ടെന്നുള്ള കനത്ത പനിയാണു ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ ശരീര വേദന, വയറുവേദന, കണ്ണിനു പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയുമുണ്ടാകും.
ശക്തമായ വയറുവേദന, ശ്വാസതടസ്സം, മൂത്രം പോകുന്നതില്‍ പെട്ടെന്നുണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങള്‍, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നു രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. പരിശോധനയ്ക്കുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.