ജിഷ കൊലക്കേസ്; പ്രതിയുടെ ജയിൽ മാറ്റ ഹർജി, കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്
പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്.
നിലവിലെ ജയിൽചട്ട പ്രകാരം അമീറുൾ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014 -ലെ ചട്ടങ്ങൾ കൂടി ഹർജിയിൽ ചോദ്യം ചെയ്യാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2014-ലെ ജയിൽ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
വധശിക്ഷയ്ക്ക് എതിരായ അപ്പീൽ, കോടതിയുടെ പരിഗണനയിൽ ആണെങ്കിൽ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ നിലനിൽക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.