തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധ; 12 മുറികളിൽ പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി: സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എസിപി അശ്വതി ജിജി പറഞ്ഞു. സാധാരണ നടക്കുന്ന പതിവ് പരിശോധനയാണ് ഇതെന്നും ആരടേയും പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധന അല്ല ഇതെന്നുമാണ് എസിപി പറയുന്നത്.
എല്ലാ ആഴ്ചയും ഇലക്ഷന്‍റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല, വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നും എസിപി അശ്വനി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം പൊലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ആരോപിച്ചു. തങ്ങൾ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാൽ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൻമാരുടെ നേതാവ് പരിശോധിച്ചു, എന്നിട്ട് എന്ത് കിട്ടി എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം ബിജെപി നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു. തങ്ങളുടെ മുറിയിൽ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുൾപ്പടെ തന്‍റെ പ്രൈവസിയിലേക്ക് കടന്നുകയറുയാണ് ചെയ്തത്. ഒരു വനിതാ പൊലീസുകാർ പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.