കേരളത്തിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ
ക്രിസ്മസ് തിരക്കുകൾ കണക്കിലെടുത്ത് താംബരത്ത് നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകൾ നടത്താൻ അനുമതി നൽകി റെയിൽവേ. താംബരം-കൊല്ലം, താംബരം-മംഗളൂരു റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഡിസംബർ അവസാനമാണ് സർവീസ്. സ്കൂൾ അവധി കഴിയുന്ന സമയമായതിനാൽ ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസാകും ഇത്.
വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്ന താംബരം-മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 ശനിയാഴ്ചയാണ് ഉണ്ടാവുക. ശനിയാഴ്ച രാത്രി 11:20-ന് താംബരത്ത് നിന്ന് യാത്ര പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. തിരിച്ചുള്ള സർവീസ് ജനുവരി ഒന്നിന് രാവിലെ 9:30-ന് മംഗളൂരു നിന്ന് പുറപ്പെടുന്നതാണ്.
താംബരം-കൊല്ലം സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 1:30-ന് താംബരത്ത് നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 6:45-ന് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരുന്നതാണ്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. മടക്കയാത്ര പിറ്റേദിവസം രാവിലെ 10:45-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നതാണ്.