വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം; ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം.കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.
ഓണ്‍ലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത്, വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.