സൈബർ ആക്രമണം: പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു
സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴിയെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രവും സമ്പാദ്യവുമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സൈബർ ആക്രമണമുണ്ടായത്.
ഇടത് പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് അച്ചു പരാതി നൽകിയത്. അതിനു പിന്നാലെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. പരാതിയെ തുടർന്ന് നന്ദകുമാർ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിനു മറുപടിയായായിരുന്നു അച്ചുഉമ്മനെതിരായ പ്രചാരണം. നന്ദകുമാറാണ് അച്ചുഉമ്മനെതിരെ ഫേസ്ബുക്കിൽ കൂടുതൽ അധിക്ഷേപ പോസ്റ്റുകളുമിട്ടത്. പരാതിക്കു പിന്നാലെ ഈ പോസ്റ്റുകളെല്ലാം നന്ദകുമാർ ഫേസ്ബുക്കിൽ നിന്ന് നീക്കംചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ആരോഗ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി വിരമിച്ച വ്യക്തിയാണ്.