Begin typing your search...

കൈതോലപ്പായയിൽ സി.പി.എം നേതാവ് പണം കടത്തിയെന്ന ശക്തിധരന്‍റെ ആരോപണം പൊലീസ് അന്വേഷിക്കും

കൈതോലപ്പായയിൽ സി.പി.എം നേതാവ് പണം കടത്തിയെന്ന ശക്തിധരന്‍റെ ആരോപണം പൊലീസ് അന്വേഷിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൈതോലപ്പായയിൽ സി.പി.എം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം പൊലീസ് അന്വേഷിക്കും. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. ബെന്നി ബെഹനാൻ എം.പി നൽകിയ പരാതിയിലാണ് അന്വേഷണം. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് ചുമതല നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ജി ശക്തിധരന്റെയും ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്- "സത്യം പറയാൻ ധൈര്യപ്പെട്ട കൊച്ചുകുട്ടിയായി ഞാൻ എന്നെത്തന്നെ തല്‍ക്കാലം കരുതുന്നു: 'രാജാവ് നഗ്നനാണ്!'. ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്ന ഒരാൾ എനിക്ക് ഇരുട്ട് നിറഞ്ഞ ഒരു പെട്ടി തന്നു. ഇതും ഒരു സമ്മാനമാണെന്ന് മനസ്സിലാക്കാൻ ഞാന്‍ വർഷങ്ങളെടുത്തു. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അദ്ദേഹം പ്രശസ്തനാണ്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകൻ. ഒരിക്കൽ വന്‍കിടക്കാര്‍ സമ്മാനിച്ച വലിയ തുകയുടെ കറൻസി എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. കൊച്ചിയിലെ കലൂരിലുള്ള എന്റെ പഴയ ഓഫീസിൽ തുടർച്ചയായി രണ്ട് ദിവസം അത് സംഭവിച്ചു. എന്റെ അറിവിൽ അദ്ദേഹം ആദ്യമായാണ് ഈ ഓഫീസിൽ താമസിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോൾ വടക്കു നിന്നുള്ള ഒരു മുന്‍ എം.എല്‍.എയും ചികിത്സയ്ക്കായി മാസങ്ങളോളം അതേ മുറിയിൽ താമസിച്ചിരുന്നു.

ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ എണ്ണിയ തുക ഓർക്കുന്നു- രണ്ട് കോടി മുപ്പത്തി അയ്യായിരം. ഇതിനിടയിൽ കറന്‍സി പൊതിയാന്‍ രണ്ട് കൈതോലപ്പായ ഞാന്‍ സഹപ്രവര്‍ത്തകനൊപ്പം പോയി വാങ്ങി. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് കൈതോലപ്പായ ഏറെ ഇഷ്ടമായിരുന്നു. രാത്രി വൈകി ഇന്നോവ കാറിന്റെ ഡിക്കിയിലാണ് തുക തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നു. ആ പണത്തിന് എന്ത് സംഭവിച്ചു? അത് ഇരുട്ടിലേക്ക് പോയി. അദ്ദേഹം ഇരുട്ടിനെ സ്നേഹിക്കുന്നു. പണത്തിന്റെ എല്ലാ കൈമാറ്റങ്ങളും ഇരുട്ടിലാണ് നടക്കുന്നത്. ഒരിക്കൽ ഒരു കോടീശ്വരൻ രാത്രി വൈകി കോവളത്തെ ഹോട്ടലിൽ വച്ച് ഈ മാന്യനു രണ്ടു പാക്കറ്റ് കറൻസി സമ്മാനിച്ചു. അയാൾ പാക്കറ്റുകൾ പാർട്ടി സെന്ററിലേക്ക് കൊണ്ടുപോയി. ഒരു പാക്കറ്റ് ഓഫീസിലെ മുതിർന്ന സ്റ്റാഫ് അംഗത്തിന് കൈമാറി. ഒരു പാക്കറ്റ് അദ്ദേഹം ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. രണ്ട് പാക്കറ്റുകളും ഹോട്ടലിന്റെ പേരെഴുതിയ കവറിലായിരുന്നു. രണ്ടും ഒരേ വലിപ്പത്തിലായിരുന്നു. അതിനാൽ രണ്ടിലും ഒരേ തുക ഉണ്ടായിരുന്നിരിക്കണം. ഓഫീസിൽ കവർ ലഭിച്ചയാൾ അത് തുറന്ന് മറ്റൊരു ജീവനക്കാരന്റെ സാന്നിധ്യത്തിൽ എണ്ണി. അത് 10 ലക്ഷം രൂപയുണ്ടായിരുന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

സോഷ്യൽ മീഡിയയിൽ എന്നെയും എന്‍റെ കുടുംബത്തെയും ചില ഗുണ്ടകൾ ആക്രമിക്കുകയാണ്. അവർക്ക് അതിന് പ്രതിഫലം കിട്ടുന്നുണ്ടോ? ഈ ഗുണ്ടകൾ അവരുടെ ആക്രമണം ഉടന്‍ നിർത്തിയില്ലെങ്കിൽ എന്‍റെ കുറിപ്പുകള്‍ തുടരുമെന്ന് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉറപ്പുണ്ട് അവർ മുകളിൽ നിന്ന് നയിക്കപ്പെടുന്നു. പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്".

WEB DESK
Next Story
Share it