കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്
കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്കാണ് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകർത്ത്, പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ വെളിപ്പെടുത്തുന്നു. ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് അവിടെയുണ്ടായിരുന്ന സിറ്റി ട്രാഫിക് പൊലീസിൻറെ ബാരിക്കേഡും തകർത്താണ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറിയത്.
ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുൾപ്പെടെ തകർത്താണ് പൊലീസ് ജീപ്പ് നിന്നത്. ഇന്ധന ചോർച്ചയുണ്ടാകുമോയെന്ന് ആശങ്കയുടെ സാഹചര്യത്തിൽ ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പൊലീസ് ജീപ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.