ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്നത്. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്ത സാഹര്യത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെൻറ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റുളളവർക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.