പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു, എല്ലാം ഉത്തരവാദിത്തവും ജനങ്ങൾ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്; പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഗൗരമായി എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിന് വഴങ്ങില്ല. അനുദിനം വഷളാവുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലീം ലീഗ് സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ എല്ലാം ഉത്തരവാദിത്തവും ജനങ്ങൾ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്. പൊലീസുകാരെയല്ല ജനങ്ങൾ സംരക്ഷണത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച്ചയിൽ സർക്കാർ വ്യക്തത വരുത്തണം. ഇത് മതേതര കേരളത്തിന് അപമാനമാണ്. യുഡിഎഫ് ജനങ്ങൾക്കൊപ്പം നിൽക്കും. ഉപതെരെഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.