തീവണ്ടി ശുചിമുറിയിൽ കഞ്ചാവ് കടത്ത്; 13.5 കി.ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് പിടിച്ചെടുത്തു
തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്‌ക്രൂ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്തതിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് കണ്ടെത്തിയത്.
നിലമ്പൂരില്‍നിന്ന് കൊച്ചുവേളിവരെയുള്ള നിലമ്പൂര്‍ കൊച്ചുവേളി എക്സ്പ്രസാണ് കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവില്‍വരെ പാസഞ്ചറായി സഞ്ചരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഞ്ചാവ് രണ്ടുമാസത്തിലധികം പഴക്കമുള്ളതാണെന്നും പായ്ക്കറ്റുകള്‍ എലി കടിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാറശ്ശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ബിനു ആന്റണിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. ശോഭന, സി.പി.ഒമാരായ ജോസ്, പ്രദീപ്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.